12:10am 05 July 2026
NEWS
ഒറ്റ രക്തസാമ്പിളിൽ പത്ത് തരം കാൻസറുകൾ കണ്ടെത്താം; ഇന്ത്യയിൽ പുതിയ പരിശോധന ഉടൻ
04/07/2026  01:11 PM IST
nila
ഒറ്റ രക്തസാമ്പിളിൽ പത്ത് തരം കാൻസറുകൾ കണ്ടെത്താം; ഇന്ത്യയിൽ പുതിയ പരിശോധന ഉടൻ

ന്യൂഡൽഹി: കാൻസർ രോഗനിർണയത്തിൽ വലിയ മുന്നേറ്റമാകുമെന്ന് വിലയിരുത്തപ്പെടുന്ന മൾട്ടി-കാൻസർ രക്തപരിശോധന ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു. അഹമ്മദാബാദ് ആസ്ഥാനമായുള്ള സൈഡസ് ലൈഫ്‌സയൻസസ്യും അപ്പോളോ ഹോസ്പിറ്റൽസ്യും ചേർന്നാണ് പുതിയ പരിശോധന രാജ്യത്ത് ലഭ്യമാക്കുന്നത്.

'ഷീൽഡ് മൾട്ടി-ക്യാൻസർ ഡിറ്റക്ഷൻ' എന്ന പേരിലുള്ള ഈ പരിശോധന അമേരിക്കൻ കമ്പനിയായ ഗാർഡന്റ് ഹെൽത്ത് വികസിപ്പിച്ചതാണ്. ഗാർഡന്റ് ഹെൽത്തും സൈഡസും തമ്മിലുള്ള ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലും ഈ സാങ്കേതികവിദ്യ എത്തിക്കുന്നത്. ഇന്ത്യ ടുഡേ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

45 വയസിന് മുകളിലുള്ളവർക്കും കാൻസർ സാധ്യത കൂടുതലുള്ളവർക്കുമായി രൂപകൽപ്പന ചെയ്തിരിക്കുന്ന പരിശോധന, രക്തത്തിലെ ഡിഎൻഎയിൽ ഉണ്ടാകുന്ന കാൻസറുമായി ബന്ധപ്പെട്ട വ്യതിയാനങ്ങളും പ്രത്യേക പാറ്റേണുകളും കണ്ടെത്തിയാണ് രോഗസാധ്യത വിലയിരുത്തുന്നത്.

സ്തനാർബുദം, വൻകുടൽ, കരൾ, ശ്വാസകോശം, അന്നനാളം, ആമാശയം, അണ്ഡാശയം, പാൻക്രിയാസ്, പ്രോസ്റ്റേറ്റ് ഉൾപ്പെടെ പത്ത് തരം കാൻസറുകളുടെ സാധ്യത ഒരൊറ്റ രക്തസാമ്പിളിലൂടെ തിരിച്ചറിയാൻ ഈ പരിശോധന സഹായിക്കുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.

കാൻസർ സ്ക്രീനിങ്ങിൽ ഇത് നിർണായക മുന്നേറ്റമാകുമെങ്കിലും നിലവിലുള്ള പരിശോധനകൾക്ക് പകരമല്ലെന്നും അവയെ കൂടുതൽ ഫലപ്രദമാക്കുന്ന ഒരു അനുബന്ധ മാർഗമാണിതെന്നും വിദഗ്ധർ വ്യക്തമാക്കുന്നു. പരിശോധനയിൽ കാൻസർ സാധ്യത കണ്ടെത്തിയാലും രോഗം സ്ഥിരീകരിക്കാൻ സ്കാൻ, ബയോപ്സി തുടങ്ങിയ തുടർപരിശോധനകൾ നിർബന്ധമാണെന്നും അവർ ഓർമ്മിപ്പിക്കുന്നു.

ആറ് ഏഷ്യൻ രാജ്യങ്ങളിലായി 84,000-ത്തിലധികം പേരെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ ശ്രദ്ധേയമായ ഫലങ്ങളാണ് ലഭിച്ചത്. പരിശോധനയിൽ കാൻസർ സാധ്യത കണ്ടെത്തിയവരിൽ 79 ശതമാനം പേരിലും പിന്നീട് നടത്തിയ വിശദപരിശോധനകളിൽ അർബുദം സ്ഥിരീകരിച്ചതായി ഗവേഷകർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
HEALTH
img